വില്ലന്‍മാരുടെ വില്ലന്‍; ശുദ്ധപാവം


റഹ്മാന്‍

എം.എന്‍. നമ്പ്യാര്‍.
ഈ പേരു കേട്ടാല്‍ തന്നെ തമിഴ് സിനിമാ പ്രേക്ഷകര്‍ പേടിച്ചുവിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. വില്ലന്‍മാരുടെ വില്ലന്‍. കൊടുംക്രൂരന്‍. എം.ജി.ആര്‍. നായകനെങ്കില്‍ വില്ലന്‍ എം.എന്‍. നമ്പ്യാരാവും. ചുവന്നുതുടുത്ത കണ്ണുകളും കൊമ്പന്‍മീശയുമൊക്കെയായി ക്രൂരതയുടെ പര്യായമായി മാറിയ നടന്‍.
എന്റെ മനസിലും ഈ ചിത്രങ്ങളൊക്കെയായിരുന്നു അദ്ദേഹത്തെ നേരിട്ടു കാണും വരെ ഉണ്ടായിരുന്നത്. ഇത്രയും ക്രൂരനായ ഒരു മനുഷ്യന്‍ വേറെയുണ്ടാവില്ല എന്ന ചിന്ത എന്റെയുള്ളില്‍ നിന്നു മാറിയത് എം.എന്‍. നമ്പ്യാരെ നേരിട്ടുകണ്ട് സംസാരിച്ചു തുടങ്ങിയപ്പോഴാണ്. മെല്ലെ മെല്ലെ ഇത്രയും സാധുവായ മറ്റൊരാളുണ്ടാവില്ല എന്ന തിരിച്ചറിവ് എന്നിലുണ്ടായി.
നമ്പ്യാര്‍ സാറിനൊപ്പം രണ്ടോ മൂന്നോ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ആ ചിത്രങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ സാമിപ്യം തന്ന ഊര്‍ജം വളരെ വലുതായിരുന്നു. അദ്ദേഹത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ വിലയേറിയതും.
ഏതൊരു നടന്റെയും പ്രകടനത്തില്‍ അയാളുടെ സ്വഭാവം പകുതിയെങ്കിലും കാണുമെന്നാണ് പറയാറ്. നമ്മുടെ സ്വഭാവത്തിനും പെരുമാറ്റത്തിനും അനുസരിച്ചാവും നമ്മുടെ അഭിനയം. സ്ക്രിപ്റ്റില്‍ നിന്ന് 50 ശതമാനവും ഉള്ളില്‍ നിന്ന് ബാക്കി 50 ശതമാനവും എന്നതാണ് കണക്ക്. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും നമ്മുടെ ചില മാനറിസങ്ങളും ചിരിയുമൊക്കെ കഥാപാത്രത്തിനുമുണ്ടാവും.
ദേഷ്യപ്പെടുന്ന സീനുകള്‍ വളരെ നന്നായി ഞാന്‍ ചെയ്യാറുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ പകുതി കാരണം എന്റെ സ്വഭാവത്തില്‍ അനാവശ്യമായ ദേഷ്യമുണ്ട് എന്നതു കൊണ്ടാണെന്ന് ഞാന്‍ മനസിലാkക്കുന്നു.
മമ്മൂട്ടിയുടെ പല കഥാപാത്രങ്ങളും കാണുമ്പോള്‍ തോന്നാറുണ്ട്, അദ്ദേഹമല്ലാതെ മറ്റൊരെങ്കിലും ആ വേഷം ചെയ്തിരുന്നെങ്കില്‍ നന്നാവില്ലായിരുന്നുവെന്ന്. മമ്മൂട്ടിയെന്ന നടന്റെ മാനറിസങ്ങളും രീതികളും അഭിനയസവിശേഷതയും മനസിലാക്കി അതിനനുസരിച്ച് തിരക്കഥയെഴുതുമ്പോഴാണ് ഇങ്ങനെ, അദ്ദേഹത്തിന്റെ വേഷം മറ്റാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കാനാവില്ല എന്നു തോന്നുന്നത്.
ഇങ്ങനെയൊക്കെ നോക്കിയാല്‍ നമ്പ്യാര്‍ സാറിന്റെ കഥാപാത്രങ്ങളുടെ രീതികളില്‍ പകുതിയെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കേണ്ടതാണ്. പക്ഷേ, നമ്പ്യാര്‍ സാര്‍ നേരെ വിപരീതമാണ്. ദേഷ്യം, കാമം, ക്രൌര്യം, പുച്ഛം തുടങ്ങി അദ്ദേഹം സ്ക്രീനില്‍ അവതരിപ്പിക്കുന്ന വികാരങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഇല്ല എന്നു വ്യക്തമാകുന്നത് ആ മനുഷ്യനുമായി സംസാരിച്ചുതുടങ്ങിയപ്പോഴാണ്. പേടിയോടെ മാത്രം കണ്ടിരുന്ന ഒരു താരം കൂട്ടുകാരനെ പോലെ മുന്നില്‍. എന്നെക്കാള്‍ സിനിമയില്‍ ഏതാണ്ട് 40-50 വര്‍ഷത്തെ എക്സ്പീരിയന്‍സ് കൂടുതല്‍ ഉള്ള ഒരു നടന്‍ കൂട്ടുകാരെനെ പോലെ നമ്മോടു ഇടപെടുന്നതു കാണുമ്പോള്‍ സ്വയം എത്ര ചെറുതാണ് നമ്മള്‍ എന്ന തിരിച്ചറിവ് കൂടിയുണ്ടാകും.
സിനിമയിലെ നായകന്‍മാര്‍ പലരും ജീവിതത്തില്‍ വില്ലന്‍മാരും കൊടുംക്രൂരന്‍മാരായ വില്ലന്‍മാരില്‍ നല്ലൊരു ശതമാനവും വെറും സാധുക്കളുമാണെന്ന തിരിച്ചറിവ് എനിക്കുണ്ടാകുന്നത് നമ്പ്യാര്‍ സാറിനെ പരിചയപ്പെട്ടശേഷമാണ്. സ്വഭാവവുമായി ഒരു ബന്ധവും ഇല്ലാത്ത വിധം അഭിനയിക്കാന്‍ നമ്പ്യാര്‍ സാറിനു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പോലൊരു കഴിവുള്ള നടനെ വില്ലനായി മാത്രം കാണേണ്ടിവന്നതില്‍ എനിക്കു ദുഃഖം തോന്നി. നല്ല വേഷങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം അത് എത്ര സുന്ദരമാക്കുമായിരുന്നുവെന്ന് ഞാനോര്‍ത്തു.
ഞാനാണ് അദ്ദേഹത്തെക്കാള്‍ സീനിയര്‍ എന്ന മട്ടിലാണ് നമ്പ്യാര്‍ സാര്‍ എന്നോടു പെരുമാറിയിരുന്നത്. ഇത്ര മുതിര്‍ന്ന താരമായിട്ടും പുതുതലമുറയുടെ ഭാഗമായ എന്നെപ്പോലെയുള്ള നടന്‍മാരെ അദ്ദേഹം ബഹുമാനിക്കുന്നത് കാണുമ്പോള്‍ അതില്‍ നിന്നു ഞാന്‍ പഠിച്ച പാഠങ്ങള്‍ വളരെ വലുതാണ്. ഒരു കാലഘട്ടത്തിന്റെ സ്കൂളിങ് കൂടിയാണത്. പഴയതലമുറയിലെ ഒട്ടുമിക്ക താരങ്ങളും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമാണ് കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ നായകനെന്നോ വില്ലനെന്നോ ജൂനിയര്‍ ആര്‍ട്ടിസ്റ്റെന്നോ ഉള്ള വ്യത്യാസം പോലുമുണ്ടായിരുന്നില്ല.
ഇന്ന് അക്കാര്യത്തില്‍ തമിഴ് സിനിമ ഏറെ മാറി. പുതുമുഖ താരങ്ങള്‍ പോലും നൂറിലേറെ സിനിമ അഭിനയിച്ച മട്ടിലാണ് മറ്റുള്ളവരോട് ഇടപെടുന്നത്. ലൈറ്റ് ബോയിസിനെപോലുള്ളവരോട് ഒരു മയവുമില്ലാതെ സംസാരിക്കുന്ന പല നടിമാരെയും ഞാന്‍ ഈ അടുത്ത കാലത്ത് കണ്ടു. ഇപ്പോള്‍ പല തമിഴ് ചിത്രങ്ങളിലും അഭിനയിക്കുമ്പോള്‍ ഈ അവസ്ഥ ഞാന്‍ നേരിട്ടു മനസിലാക്കുന്നതാണ്. തമിഴ് സിനിമാ സെറ്റില്‍ മലയാളത്തില്‍ നിന്നു നേര്‍വിപരീതമായ സാഹചര്യമാണുള്ളത്. അവിടെ നായകനും നായികയ്ക്കും മാത്രമാണ് ലൈറ്റ് ബോയ്സിനെ പോലുള്ള പ്രൊഡക്ഷന്‍ ആളുകളില്‍ നിന്നു ബഹുമാനം കിട്ടുക. തമിഴില്‍ അടുത്തയിടെ, ഒന്നു രണ്ടു ചിത്രങ്ങളില്‍ നായകവേഷത്തില്‍ അല്ലാതെ ഞാനഭിനിയിച്ചു. അതിലൊന്നായിരുന്നു ബില്ല. പക്ഷേ, സെറ്റില്‍ ഒരു പ്രശ്നവുമുണ്ടായില്ല. മുതിര്‍ന്ന താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കണമെന്ന കാര്യത്തില്‍ ആ സെറ്റിലുള്ളവര്‍ക്കെല്ലാം ബോധ്യമുണ്ടായിരുന്നു; പ്രത്യേകിച്ചും അജിത്തിന്. എന്നെയും പ്രഭുവിനെയും മുതിര്‍ന്നതാരങ്ങളായി കാണാനും ഞങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കാനും അജിത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മറ്റു പല ചിത്രങ്ങളിലും സാഹചര്യം അങ്ങനെയായിരിക്കില്ല. ഏതെങ്കിലും കുഗ്രാമത്തിലൊക്കെയാണ് ഷൂട്ടിങ് നടക്കുന്നതെങ്കില്‍ മേയ്ക്കപ്പിനായി ഒന്നോ രണ്ടോ മുറികളേ ഒരുക്കിയിട്ടുണ്ടാവുള്ളു. പ്രൊഡ്ക്ഷന്‍ ആളുകള്‍ അത് നായകനും നായികയ്ക്കുമായി മാറ്റിവയ്ക്കും.നമ്മള്‍ എത്തുമ്പോള്‍ ഒരുങ്ങാന്‍ മുറി തന്നെ കാണില്ല. പക്ഷേ, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ പഠിച്ചിട്ടുള്ളതിനാല്‍ അതൊന്നും നമുക്കു പ്രശ്നമായിത്തന്നെ തോന്നില്ല.
ഇപ്പോഴത്തെ ചില നടിമാരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ കണ്ടുനില്‍ക്കാന്‍ തന്നെ നമുക്കു പറ്റില്ല. ആദ്യ സിനിമയുടെ സെറ്റില്‍ അവര്‍ക്കു കിട്ടിയ ആനുകൂല്യങ്ങളൊക്കെ എല്ലാ സിനിമകളിലും കിട്ടണമെന്ന് അവര്‍ വാശിപിടിക്കും. നിസാര പ്രശ്നങ്ങളുടെ മേല്‍ അവര്‍ ചിലപ്പോള്‍ പ്രൊഡക്ഷന്‍ ആളുകളോട് അവര്‍ തട്ടിക്കയറും.
ഇത്തരം ചില പുതിയ നടിമാരോട് ഞാന്‍ ഉപദേശം പോലെ പറഞ്ഞുകൊടുത്ത ഒരു കാര്യമുണ്ട്. ആദ്യം പോയി ഒരു മലയാള സിനിമയില്‍ അഭിനയിച്ചിട്ടു വാ എന്നതാണത്.
മലയാളത്തിലാണെങ്കില്‍ അതിന്റേതായ ഒരു കീഴ്വഴക്കമുണ്ട്. സംവിധായകന്‍ നായികയെ ബഹുമാനിച്ചുനില്‍ക്കുന്ന അവസ്ഥയൊന്നുമില്ല. സാഹചര്യങ്ങള്‍ക്കാപ്പിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു മലയാളം സിനിമകൊണ്ടു തന്നെ അവര്‍ പഠിക്കും.
പപ്പേട്ടന്റെയും ഭരതേട്ടന്റെയുമൊക്കെ സെറ്റില്‍ നിന്ന് കിട്ടിയ അനുഭവങ്ങള്‍ ഇപ്പോഴും എന്നെ വളരെയേറെ സഹായിക്കുന്നുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ചില ചിട്ടകളൊക്കെയുണ്ടായത് ഈ വലിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുകൊണ്ടു കൂടിയാണ്.
നമ്പ്യാര്‍ സാര്‍ മലയാളിയാണെന്ന് അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ബാല്യകാലം തൊട്ടു തമിഴ്നാട്ടില്‍ ജീവിച്ച വ്യക്തിയാണ് അദ്ദേഹം. മലയാളം തെരിയാത് എന്ന് ആദ്യമേ അദ്ദേഹം പറയും. എന്നിട്ട് നല്ല മലയാളത്തില്‍ സംസാരിക്കും. അദ്ദേഹത്തിന്റെ സംസാരത്തില്‍ തന്നെ എളിമയും പരസ്പരബഹുമാനവുമുണ്ടായിരുന്നു.
നല്ലൊരു ഭക്തന്‍കൂടിയാണ് അദ്ദേഹം. ശബരിമലയില്‍ എല്ലാ വര്‍ഷവും അദ്ദേഹം പോകുമായിരുന്നു. അതും ഒരു വലിയ സംഘത്തെ ഒപ്പം കൂട്ടി. അന്നൊക്കെ മലയ്ക്കു പോകാന്‍ മാലയിട്ടിരിക്കുന്ന ആരെയെങ്കിലും കണ്ട് എപ്പോഴാണ് മലയ്ക്കു പോകുന്നതെന്നു ചോദിച്ചാല്‍ മറുപടി ഇങ്ങനെയായിരിക്കും: ''നമ്പ്യാര്‍ സാര്‍ പോകുമ്പോള്‍, ഒപ്പം...''
ഏതാണ്ട് അറുപതു വര്‍ഷത്തിലേറെക്കാലം മുടക്കംവരുത്താതെ അദ്ദേഹം ശബരിമല സന്ദര്‍ശിക്കുമായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. ഇത്ര വലിയൊരു നടനായിട്ടും അതിന്റെ പ്രതാപമെല്ലാമുണ്ടായിരുന്നിട്ടും അദ്ദേഹം തന്റെ ദൈവത്തോടുള്ള കടമയോ ഭക്തിയോ മറന്നില്ല. എന്നു മാത്രമല്ല ഏതാണ്ട് ഇരുന്നൂറിലേറെ പേരെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ ഒരോ വര്‍ഷവും അദ്ദേഹം ശ്രദ്ധിച്ചു. ഏതു ദൈവത്തിനാണ് ഈ ഭക്തി കേള്‍ക്കാതിരിക്കാനാവുക?
(തുടരും)
തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

No comments:

Post a Comment

Related Posts Plugin for WordPress, Blogger...